📺 ഈ മണിക്കൂറുകളിലെ പ്രധാനപ്പെട്ട വാർത്തകൾ 📰

22

 

Posted Date : 04/ഓഗസ്റ്റ്/2020

1️⃣സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച വകുപ്പ് മേധാവികളുടെ യോഗം ഇന്ന്.

സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച വകുപ്പു മേധാവികളുടെ യോഗം ഇന്ന്. ഒന്നര ലക്ഷത്തിലേറെ ഫയലുകളാണ് സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നത്.

രാവിലെ 10.30ന് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേരും. നാല് മാസത്തെ കൊവിഡും ലോക്ക് ഡൗണും മൂലം മുപ്പത് ശതമാനം ജീവനക്കാർ മാത്രം ഹാജരായതാണ് ഫയൽ കൂമ്പാരം ഒന്നരലക്ഷം കവിയാൻ കാരണമെന്നാണ് വിലയിരുത്തൽ. അടിയന്തര പ്രാധാന്യവും വികസനവുമായി ബന്ധവുമുള്ള ഫയുകളാണ് ഉടനടി തീർപ്പാക്കുക. തദ്ദേശ ഭരണം, റവന്യൂ, വിദ്യാഭ്യാസ വകുപ്പുകളിലാണ് ഫയലുകൾ ഏറെയും കെട്ടിക്കിടക്കുന്നത്.

2️⃣രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; ത്രിപുര മുഖ്യമന്ത്രി നിരീക്ഷണത്തിൽ.

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. ഇതുവരെ 18,03,695 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 5,79,257 പേർ ചികിത്സയിലുണ്ട്. 38,135 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

രണ്ട് കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് വീട്ടുനിരീക്ഷണത്തിൽ പ്രവേശിച്ചു. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വിദ്യാർത്ഥികൾ അടക്കം 19 പേർക്ക് രോഗം സ്ഥിരീകരിച്ചു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് ഇന്നലെ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നു. തമിഴ്‌നാട്ടിൽ 5,609 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 109 പേർ മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 2,63,222 ആയി. ആകെ മരണം 4,241 ആയിട്ടുണ്ട്. ആന്ധ്രയിൽ ആകെ പോസിറ്റീവ് കേസുകൾ 1,66,586 ആയി. 24 മണിക്കൂറിനിടെ 7,822 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കർണാടകയിൽ ആകെ മരണങ്ങൾ 2500ഉം ബംഗളൂരുവിൽ കൊവിഡ് കേസുകൾ 60,000വും കടന്നു. ഉത്തർപ്രദേശിൽ 24 മണിക്കൂറിനിടെ 4,473 പോസിറ്റീവ് കേസുകളും 50 മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 805 പുതിയ കേസുകളുണ്ട്. 17 മരണമുണ്ടായി. ആകെ കൊവിഡ് ബാധിതർ 1,38,482 ആയി. അഹമ്മദാബാദിൽ പോസിറ്റീവ് കേസുകൾ 27,000ന് അരികെയെത്തി. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വതന്ത്ര ദിനത്തിൽ തമിഴ്‌നാട് രാജ്ഭവനിൽ നിശ്ചയിച്ചിരുന്ന അത്താഴവിരുന്ന് ഉപേക്ഷിച്ചു.

3️⃣മുൻ ചീഫ് ജസ്റ്റിസുമാർക്കെതിരെ വിമർശനം; അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെയുള്ള കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

മുൻ ചീഫ് ജസ്റ്റിസുമാരെ വിമർശിച്ചതിന്റെ പേരിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെ എടുത്ത കോടതിയലക്ഷ്യക്കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.

2009ൽ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്എച്ച് കപാഡിയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമർശിച്ചതുമാണ് കേസിനാധാരം. വീഡിയോ കോൺഫറൻസ് മുഖേന വാദം പറയുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും, കോടതികൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ കേസ് മാറ്റിവയ്ക്കണമെന്നുമുള്ള പ്രശാന്ത് ഭൂഷന്റെ വാദം കഴിഞ്ഞതവണ കോടതി അംഗീകരിച്ചിരുന്നില്ല.

4️⃣കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ടിബി സാനിറ്റോറിയം കൊവിഡ് ചികിത്സയ്ക്കായി നവീകരിക്കും.

ക്ഷയരോഗികളെ ചികിത്സിക്കാനായി കണ്ണൂർ പരിയാരത്ത് 72 വർഷങ്ങൾക്ക് മുൻപ് നിർമിച്ച കെട്ടിടങ്ങൾ കൊവിഡ് ചികിത്സാ കേന്ദ്രമാക്കാനായി നവീകരിക്കും. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിനോട് ചേർന്ന് ഉപയോഗിക്കാതെ കിടക്കുന്ന ഒൻപതോളം വാർഡുകൾ നവീകരിക്കാനാണ് പദ്ധതി.

ക്ഷയ രോഗികളെ ഐസൊലേറ്റ് ചെയ്ത് ചികിത്സിക്കാൻ 1948ലാണ് പരിയാരത്ത് 300 ഏക്കറോളം സ്ഥലത്ത് ടിബി സാനിട്ടോറിയം നിർമിച്ചത്. 400 രോഗികളെ കിടത്തി ചികിത്സിക്കാൻ സാധിക്കുന്ന ഒൻപത് ജനറൽ വാർഡുകളും 11 സ്‌പെഷ്യൽ വാർഡുകളും ഈ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്നു. രോഗവ്യാപനം തടയാൻ വേണ്ടി കെട്ടിടങ്ങൾ തമ്മിലുള്ള അകലം ഉറപ്പ് വരുത്തിയായിരുന്നു നിർമാണം.

കൊവിഡ് വ്യാപനം പ്രതിരോധിക്കാനും ഇവ ഉപയോഗിക്കാമെന്നാണ് വിലയിരുത്തൽ.1993ലാണ് ടിബി സാനിറ്റോറിയം നിർത്തലാക്കിയത്. പിന്നീട് പരിയാരം സഹകരണ മെഡിക്കൽ കോളജിനായി ആദ്യ അഞ്ച് വർഷത്തോളം വാർഡുകൾ ഉപയോഗിച്ചിരുന്നു. അതിന് ശേഷം ഉപയോഗിക്കാതെ കിടന്ന കെട്ടിടങ്ങൾ കൊവിഡ് ചികിത്സക്കായി നവീകരിക്കാനാണ് പദ്ധതി.

ടി വി രാജേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്താനാണ് ശ്രമം.1948ൽ സാമുവൽ ആറോൺ സൗജന്യമായി നൽകിയ 300 ഏക്കർ സ്ഥലത്താണ് ടിബി സാനിട്ടോറിയം നിർമിച്ചത്. ഓപ്പറേഷൻ തിയറ്റർ അടക്കം എല്ലാ സൗകര്യങ്ങളും 72 വർഷങ്ങൾക്ക് മുൻപ് സാനിട്ടോറിയത്തിലുണ്ടായിരുന്നു.

5️⃣തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി കീഴടങ്ങി.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി കീഴടങ്ങി. കീഴടങ്ങിയത് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ ഹമീദാണ്. ആദ്യമായി അബ്ദുൾ ഹമീദാണ് ഡിപ്ലോമാറ്റിക് ബാഗ് ഉപയോഗിച്ച് സ്വർണം കടത്തിയത്. 2019 ജൂലൈ 14നാണ് സ്വർണം കടത്തിയത്. മൂന്ന് തവണ ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വർണം കടത്തി. കേസിലെ പ്രതികളായ സരിത്തിന്റെയും സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും ആവശ്യപ്രകാരമാണ് സ്വർണം കടത്തിയതെന്നും മൊഴിയുണ്ട്.

അതേസമയം കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് സ്വർണക്കടത്ത് കേസ് പരിഗണിക്കും. ഭീകരവാദ ബന്ധം സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിക്ക് കൈമാറും. കേസ് ഡയറിയും പരിശോധിക്കും. സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുണ്ട്.

കൂടാതെ കേസിൽ സി ആപ്റ്റിലെ ഉദ്യോഗസ്ഥരുടെ മൊഴി കസ്റ്റംസ് ഉടൻ രേഖപ്പെടുത്തും. സി അപ്റ്റിലെ 3 ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ശക്തമാക്കി. പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ബുധനാഴ്ച ഹാജരാക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശമുണ്ട്.

മൊഴിയെടുപ്പിന് മുന്നോടിയായി സി ആപ്റ്റിൽ നിന്നും ഏതാനും രേഖകൾ ഉദ്യോഗസ്ഥർ വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ശക്തമാക്കി. പ്രധാന പ്രതികളായ സ്വപ്ന, സദീപ്, സരിത് എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് സമർപ്പിച്ച അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച് പരിഗണിക്കും. ബുധനാഴ്ച് പ്രതികളെ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

6️⃣നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സമയം അനുവദിക്കണമെന്ന ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം സമയം കൂടി വേണമെന്ന വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിന്റെ കത്ത് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് കഴിഞ്ഞ നവംബർ 29നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. എന്നാൽ, കൊവിഡ് സാഹചര്യവും ലോക്ക് ഡൗണും കാരണം ഈ സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് ആദ്യം ഹൈക്കോടതിയെ അറിയിച്ചു. ജഡ്ജിയുടെ കത്ത് ഹൈക്കോടതി റജിസ്ട്രാർ സുപ്രിംകോടതിക്ക് കൈമാറുകയായിരുന്നു. നടിയെ ആക്രമിച്ച കേസ് നേരത്തെ പരിഗണിച്ച ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് തന്നെയാണ് വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യത്തിലും വാദം കേൾക്കുന്നത്. കോടതി നിലപാട് ആരാഞ്ഞാൽ അനുകൂലിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

7️⃣ട്രഷറികളുടെ വിശ്വാസ്യത വർധിപ്പിക്കാൻ നടപടിയുമായി സർക്കാർ.

ട്രഷറികളുടെ വിശ്വാസ്യത വർധിപ്പിക്കാൻ നടപടിയുമായി സർക്കാർ. വഞ്ചിയൂരിൽ ഉദ്യോഗസ്ഥൻ രണ്ട് കോടി രൂപ തട്ടിയെടുത്തതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥർ വിരമിക്കുന്ന ദിവസം തന്നെ പാസ് വേർഡും യൂസർ ഐഡിയും സ്വയം റദ്ദാകും. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ഉടമയ്ക്ക് വിവരം ലഭ്യമാകുന്ന സംവിധാനവും ഏർപ്പെടുത്തും.

കഴിഞ്ഞ ദിവസം ട്രഷറി തട്ടിപ്പ് കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനമായിട്ടുണ്ട്. ഫിനാൻസ് സെക്രട്ടറി ആർ കെ സിംഗും എൻഐസി ട്രഷറി ഉയർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉത്തരവിറങ്ങും. ഗുരുതരമായ സൈബർ ക്രൈമാണ് ബിജുലാൽ ചെയ്തിട്ടുള്ളതെന്നാണ് യോഗത്തിന്റെ കണ്ടെത്തൽ.

ഇത്തരത്തിൽ വലിയൊരു സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളെ സർവീസിൽ തുടരാൻ അനുവദിക്കരുതെന്നാണ് തീരുമാനം. ധനവകുപ്പിന്റെ മൂന്ന് പേരും എൻഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ സംഭവങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് നിയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കും.

8️⃣സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.

കാസർഗോഡ് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചാലിങ്കാൽ എണ്ണപ്പാറ സ്വദേശി പള്ളിപ്പുഴ ഷംസുദ്ദീൻ (52) ആണ് മരണപ്പെട്ടത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

വൃക്കസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ചികിത്സ. പിന്നീട് പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്കും ഭാര്യക്കും കൊവിഡ് സ്ഥീരികരിച്ചിരുന്നു.

കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ ഇതുവരെ 82 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ സംസ്ഥാനത്ത് 25,911 പേർക്ക് രോഗം സ്ഥിരീകരിച്ചു. 11366 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 14463 പേർക്ക് രോഗം ഭേദമായി.

9️⃣സബ് ട്രഷറി തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

തിരുവനന്തപുരത്തെ വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് ജീവനക്കാരൻ രണ്ട് കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുൽഫിക്കിനാണ് അന്വേഷണത്തിന്റെ നേതൃത്വം. എട്ടംഗ സംഘത്തിൽ വഞ്ചിയൂർ സിഐയും ഉൾപ്പെടും.

🔟മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ശേഷം പിടിയിലായ ആൾക്ക് കൊവിഡ്.

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി പോയ ശേഷം പിടിയിലായ ആൾക്ക് കൊവിഡ്. താനൂർ സ്വദേശി ഷാനുവിനാണ് കൊവിഡ്. ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ 10 ഓളം പൊലീസുകാരും ആശുപത്രി ജീവനക്കാരും ഉണ്ട്. ഇവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

ഈ മാസം 21നാണ് നാല് അന്തേവാസികൾ മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. പൊലീസ് അന്വേഷണത്തെ തുടർന്ന് പിന്നീട് നാല് പേരെയും പിടികൂടിയിരുന്നു. ഇതിൽ മൂന്ന് പേർ വിവിധ കേസുകളിൽ പ്രതികളാണ്.

ഷാനു തിരുവനന്തപുരത്തേക്കായിരുന്നു കടന്നത്. ഇയാൾ വിവിധ കേസുകളിൽ പ്രതിയാണ്. താനൂരിലേക്ക് തന്ത്രപരമായി വിളിച്ച് വരുത്തിയാണ് ഇയാളെ പിടികൂടിയത്. ഇയാളെ ആണ് ചാടിപ്പോയവരിൽ ആദ്യം പിടികൂടിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.

1️⃣1️⃣ കശ്മീരിൽ നിന്ന് കാണാതായ സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതെന്ന് സംശയം.

കശ്മീരിൽ നിന്ന് കാണാതായ സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതെന്ന് സംശയം. 162 ബറ്റാലിയണിലെ റൈഫിൾമാനായ ഷാക്കിർ മൻസൂറിനെയാണ് കാണാതായത്. പെരുന്നാൾ പ്രമാണിച്ച് അവധിക്കായി സ്വദേശമായ ശോപിയാനിലേക്ക് പോയതാണ് ഷാക്കിർ മൻസൂർ.

ഷാക്കിറിന്റെ കാറ് കത്തിയ നിലയിൽ കുൽഗാമിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ‘ടെററിസം ഫ്രീ കശ്മീർ’ എന്ന ഹാഷ്ടാഗോടെ സൈന്യം ട്വീറ്റ് ചെയ്തു. സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായും സൈന്യം അറിയിച്ചു. കുൽഗാമിലെ രംഭാമ പ്രദേശത്ത് നിന്നാണ് ഷാക്കിറിന്റെ കാറ് കണ്ടെത്തിയത്.

ശോപിയാൻ, അനന്ത്‌നാഗ്, കുൽഗാം എന്നീ ജില്ലകളിലായി സൈനികനുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഡ്രോണുകളും സ്‌നിഫർ നായകളെയും ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്.

1️⃣2️⃣കഞ്ചിക്കോട്ട് ഇന്നലെ മരിച്ചവരുടെ മൃതദേഹം വിട്ടുകൊടുക്കാതെ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം; കൊലപാതകമെന്ന് ആരോപണം.

പാലക്കാട് കഞ്ചിക്കോട് ഐഐടിയിലെ മൂന്ന് കരാർ തൊഴിലാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മൃതദേഹം വിട്ടുകൊടുക്കാതെ ഇതര സംസ്ഥാന തൊഴിലാളികൾ. കഞ്ചിക്കോട് റെയിൽവേ സ്റ്റേഷന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെയാണ്.

ജാർഖണ്ഡ് പലാമു ജില്ലയിലെ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരിയോം കുനാൽ (29) എന്നിവരാണ് മരിച്ചവർ. ഇന്നലെ രാത്രി 10.30യോട് കൂടിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാൾ സംഭവ സ്ഥലത്തും രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും മരണപ്പെട്ടു.

ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ വിട്ടു നൽകൂവെന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പറയുന്നു. മൃതദേഹം ഐഐടിക്കുള്ളിലെ തൊഴിലാളി ക്യാമ്പിലാണ്. മരണം കൊലപാതകമാണെന്ന ആരോപണവും ഉയരുന്നുണ്ട്. മൃതദേഹങ്ങൾ കൊണ്ടുപോകാനെത്തിയ അഗ്നിശമന സേനാംഗങ്ങളെ തൊഴിലാളികൾ ആക്രമിച്ചു. ആംബുലൻസും തകർത്തു. ആറ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.

©️News Courtesy : 24 News
➖➖➖➖➖ℹ️➖➖➖➖➖
📡ചാനൽ ഇടുക്കി ന്യൂസ് ഗ്രൂപ്പ്