റഷ്യ മുന്നോട്ട്; രണ്ടാഴ്ചക്കുള്ളിൽ ആദ്യ ബാച്ച് വാക്സീൻ

47

റഷ്യ മുന്നോട്ട്; രണ്ടാഴ്ചക്കുള്ളിൽ ആദ്യ ബാച്ച് വാക്സീൻ; വൻ തോതിൽ നിർമാണം

ലോകരാജ്യങ്ങളെ തന്നെ അമ്പരപ്പിച്ചാണ് റഷ്യ കോവിഡ് വാക്സീൻ ഇന്നലെ പുറത്തിറക്കിയത്. ഇതിന് പിന്നാലെ ആരോപണങ്ങളും ശക്തമായി. എന്നിട്ടും ഇരുപതിലേറെ രാജ്യങ്ങൾ വാക്സിൻ വാങ്ങാൻ എത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ രണ്ടാഴ്ചക്കുള്ളിൽ വാക്സീന്റെ ആദ്യ ബാച്ച് വിതരണത്തിനെത്തുമെന്ന് വ്യക്തമാക്കുകയാണ് റഷ്യൻ ആരോഗ്യമന്ത്രി. ഇതിനൊപ്പം വലിയ തോതിലുള്ള വാക്സീൻ നിർമാണവും ആരംഭിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹമായ സോവിയറ്റ് യൂണിയന്റെ ‘സ്ഫുട്നിക്’ന്റെ പേരാണ് റഷ്യ വാക്സീനും നൽകിയത്. റഷ്യയിലെ ഗമെലയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് കോവിഡിനെതിരായ സ്‌ഫുട്‌നിക്–5 എന്ന വാക്സീൻ വികസിപ്പിച്ചത്. റഷ്യയുടെ കോവിഡ് വാക്‌സീൻ ആദ്യമായി പ്രയോഗിക്കപ്പെട്ട തന്റെ മകളിൽ ആന്റിബോഡി ഉൽപാദനം മികച്ച രീതിയിൽ നടന്നെന്ന് പുടിൻ അവകാശപ്പെടുന്നു.

മകൾക്ക് ആദ്യം ചെറിയൊരു പനിയുണ്ടായിരുന്നു. രണ്ടാം ദിവസം അത് കുറഞ്ഞു. പിറ്റേന്ന് മികച്ച പ്രതിരോധ ശേഷി കാണിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. നേരത്തേ ഒരു കൂട്ടം വൊളന്റിയർമാരിലും ഈ വാക്സീൻ പരീക്ഷിച്ചിരുന്നു. ജൂൺ 18നാണു മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയൽ ആരംഭിച്ചത്. 38 വൊളന്റിയർമാർക്കാണ് ടെസ്റ്റ് ഡോസ് നൽകിയത്. അവർക്കെല്ലാവർക്കും 21–ാം ദിവസം മികച്ച രീതിയിൽ പ്രതിരോധശേഷി ലഭിച്ചെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം.
അതേസമയം ലോകാരോഗ്യ സംഘടന ഇപ്പോഴും റഷ്യയുടെ പദ്ധതികളെ അംഗീകരിച്ചിട്ടില്ല. ഡബ്ല്യുഎച്ച് ഒരു അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായി വേണം വാക്സീൻ നിർമിക്കേണ്ടതെന്നാണ് അവരുടെ വാദം. സംഘടന നിർദേശിക്കുന്ന ഘട്ടങ്ങളിലൂടെയുള്ള പരീക്ഷണം പൂർത്തിയാക്കണം. അതിനു നിശ്ചിത കാലാവധിയും ഡബ്ല്യുഎച്ച്ഒ നൽകിയിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് റഷ്യ പരീക്ഷണം നടത്തിയതും ഇപ്പോൾ വാക്സീൻ വിജയകരമാണെന്നു പറയുന്നതെന്നുമാണ് ഡബ്ല്യുഎച്ച്ഒ വാദം